മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക വസന്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സൂഫി സംഗീതജ്ഞരുടെ ഖവാലി നൈറ്റ് അരങ്ങേറും. മാർച്ച് 7 ന് കൾച്ചറൽ ഹാളിലാണ് നവാസ് സാബ്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ പ്രശസ്ത സൂഫി സംഗീതജ്ഞരുടെ ഖവാലി സംഗീത പ്രകടനം നടക്കുക.
ഉസ്താദ് നവാസ് സാബ്രി ഒരു പ്രസിദ്ധമായ ഖവ്വൽ കുടുംബത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ
മുത്തച്ഛൻ ഉസ്താദ് നിസാം റാഗിയും പിതാവ് ഉസ്താദ് സമർ നിസാമിയും അവരുടെ കാലത്തെ പ്രശസ്തമായ ഖവാലി സംഗീതജ്ഞരായിരുന്നു . നിലവിൽ, ഉസ്താദ് നവാസ് സാബ്രിയും സഹോദരന്മാരായ അൻവർ നിസാമി, ഉസ്താദ് ഹാജി അസ്ലം സാബ്രി എന്നിവരും കുടുംബ പാരമ്പര്യം തുടരുകയാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള സംഗീതജ്ഞനാണ് ഉസ്താദ് നവാസ് സാബ്രി.
ബഹ്റൈനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഖവാലി നൈറ്റ് സംഘടിപ്പിക്കുന്നത്. സീറ്റുകൾ സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഖവാലി നൈറ്റ് ആസ്വദിക്കാം.