മനാമ: അറബ് ടൂറിസം ദിനത്തോടും മൊറോക്കൻ പര്യവേക്ഷകനായ ഇബ്ൻ ബത്തൂത്തയുടെ ജന്മദിനത്തോടും അനുബന്ധിച്ച് ഫെബ്രുവരി 25ന് സാംസ്കാരിക വസന്തത്തിന്റെ (Spring of Culture) 16ാമത് പതിപ്പ് ആരംഭിക്കും. മാർച്ച് അവസാനം വരെ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾചർ ആൻഡ് റിസർചിന്റെയും കീഴിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. എക്സിബിഷനുകൾ, പ്രകടനങ്ങൾ, കച്ചേരികൾ, ചർച്ചാ പാനലുകൾ, വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സാംസ്കാരിക ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അൽ ദന ആംഫി തിയേറ്റർ, അൽ റിവാഖ് ആർട്ട് സ്പേസ്, അൽബാരെ ആർട്ട് ഗാലറി എന്നിവയുടെ സഹകരണത്തോടെയാണ് സ്പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവൽ നടക്കുന്നത്.
ബഹ്റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ മനാമയിലെ ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബഹ്റൈനിൽ അംഗീകൃതമായ നിരവധി നയതന്ത്ര പ്രതിനിധികളും അംബാസഡർമാരും പങ്കെടുത്തു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർക്കായി തത്സമയ സാക്സോഫോൺ സംഗീതശകലങ്ങൾ അബ്ദുള്ള ഹാജി അവതരിപ്പിച്ചു.
www.springofculture.org വഴിയാണ് സംസ്കാരത്തിന്റെ വസന്തകാല പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്. കൂടാതെ വെബ്സൈറ്റ് വഴി വിവിധ വർക്ക് ഷോപ്പുകൾക്കായി രജിസ്റ്റർ ചെയ്യാനും കഴിയും. അൽ ദാന ആംഫി തിയറ്റർ ഇവന്റുകളുടെ ടിക്കറ്റുകളും ഓൺലൈനിൽ വിൽക്കുന്നു (www.aldana.com.bh). ബഹ്റൈൻ നാഷനൽ തിയറ്റർ ഇവന്റുകളുടെ ടിക്കറ്റുകൾ വിർജിൻ മെഗാസ്റ്റോറിലും ഓൺലൈനിലും വിൽക്കുന്നു (virginmegastore.me). കൾചറൽ ഹാളിലെ വിനോദ തത്സമയ ഷോകൾക്കുള്ള ടിക്കറ്റുകൾ അൽ ഒസ്ര സൂപ്പർ മാർക്കറ്റിൽ ലഭിക്കും.
