
കല്‍പ്പറ്റ: പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. വയനാട് ജില്ലാ കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന് നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യു.ഡി.എഫ്. മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം.
പ്രസിഡന്റാകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റിയെന്ന് പ്രഭാകരന് ആരോപിച്ചു. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം മുസ്ലിം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നും പ്രഭാകരന് പറഞ്ഞു.
പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
പനമരത്ത് എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകള്‍ ചര്‍ച്ചയിലുണ്ടായിരുന്നു. യു.ഡി.എഫിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് ലക്ഷ്മിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
