മനാമ: ബഹ്റൈൻ കലാലോകത്തിന് മറക്കാനാകാത്ത ദൃശ്യവിസ്മയമൊരുക്കിയാണ് ടീം ലക്ഷ്യ ഇത്തവണത്തെ ഈദ് ആഘോഷത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തിനു മുൻപിൽ ലോകപ്രശസ്ത കവിയും തത്വചിന്തകനും സൂഫിവര്യനുമായ മൗലാന ജലാലുദ്ദീൻ മുഹമ്മദ് റൂമിയുടെ ജീവിതത്തെ ആധാരമാക്കി ലക്ഷ്യ ബഹ്റൈൻ സ്റ്റാർവിഷൻ ഇവന്റ്സിന്റെ സഹകരണത്തോടെ വിദ്യശ്രീ രചനയും കൊറിയോഗ്രഫിയും സംവിധാനവും നിർവ്വഹിച്ച “ഖുദാ ഹാഫിസ് ” എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ അക്ഷരാർത്ഥത്തിൽ ആസ്വാദകരുടെ മനം കവർന്നു. “ഖുദാ ഹാഫിസിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയ, ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പാലക്കാട് ശ്രീറാമിന്റെ ലൈവ് മ്യുസിക്കൽ കൺസെർട്ടും ആസ്വാദകർക്ക് ഒരു നവ്യാനുഭവമായി.
അമ്പതിൽപരം കലാകാരന്മാർ അണിനിരന്ന ഖുദാ ഹാഫിസിന്റെ മുഖ്യ ആകർഷണം ലോക പ്രശസ്ത തിയ്യറ്റർ അക്കാദമിഷ്യനും സംവിധായകനും ലൈറ്റ് ഡിസൈനറുമായ ഡോ. സാംകുട്ടി പട്ടംകരിയുടെ മനം മയക്കുന്ന ദീപവിന്യാസമായിരുന്നു. റൂമിയുടെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങൾ പ്രതിപാദിക്കുന്ന കൊറിയോഗ്രാഫിക്കൊപ്പം അനുസ്യൂതമായൊഴുകിയ വെളിച്ചവിതാനം ഓരോ പ്രേക്ഷന്റെയും മുന്നിൽ ഒരു ത്രിമാനചിത്രം കണക്കെ തെളിഞ്ഞു നിന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ നടന്ന കഥാപശ്ചാത്തലത്തിന് നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ജേക്കബ് ക്രിയേറ്റിവ് ബീസ് ഒരുക്കിയ ഡിജിറ്റൽ ബാക്ക്ഡ്രോപ്പുകളും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നൃത്താവിഷ്ക്കാരത്തിന് മാറ്റുകൂട്ടി. ചടങ്ങിൽ മുഖ്യാതിഥിയായി ”ഫാദർ ഓഫ് ഓർഫൻസ്” എന്നറിയപ്പെടുന്ന ബാബ ഖലീൽ അൽ ദൈലാമിയും മറ്റു സാമൂഹികപ്രവർത്തകരും പങ്കെടുത്തു.