മനാമ: ബഹ്റൈനിൽ സൈക്കിളുകൾക്കും ഇലക്ട്രിക് ബൈക്കുകൾക്കുമായി പ്രത്യേക പാതകൾ നിർമിക്കുന്നതിനും കൈകാര്യംചെയ്യാനും ധാരണപത്രം ഒപ്പുവെച്ചു. രാജ്യത്ത് സൈക്കിളുകൾക്കും ഇലക്ട്രിക് ബൈക്കുകൾക്കും പ്രത്യേക പാതകൾ വേണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ധാരണപത്രം ഒപ്പുവെക്കുന്നത്. പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയവും ഗതാഗത, വാർത്താവിനിമയ മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇത്. ബദൽ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സൈക്കിൾ, ഇലക്ട്രിക് ബൈക്ക് വാടക സേവനങ്ങൾ നൽകുന്ന നിരവധി കമ്പനികൾക്ക് ഗതാഗത മന്ത്രാലയത്തിലെ ഉപരിതല ഗതാഗത വിഭാഗം ലൈസൻസ് നൽകിയിട്ടുണ്ട്. ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനത്തിനും ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുമായി ഒരു സംയുക്ത സാങ്കേതിക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
