തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സർ്ക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേർക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകും. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾക്ക് ഒറ്റത്തവണ മെയിന്റനൻസ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80000, 100000, 120000 എന്നിങ്ങനെ നൽകും. നവംബർ 30 നകം അപേക്ഷിക്കണം.
ഹോം സ്്റ്റേകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കമേഴ്സ്യൽ വിഭാഗത്തിൽ നിന്ന് റസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കുകയുമാണ്. 1000 ഓളം സംരംഭകർക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറി്സം ഫെസിലിറ്റി സെന്റർ, 9.98 കോടി രൂപയുടെ കൺവൻഷൻ സെന്റർ, അനുബന്ധ സൗകര്യവികസനത്തിനായി 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പിലാക്കും. 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.