തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യത്തെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരു അഭിനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
മലായളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചത് മലയാളികൾക്ക് അഭിമാനകരമായിരുന്നു. ആറു തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അഭിനയം മലയാളികളെ ആസ്വാദനത്തിന്റെ അവാച്യമായ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.
