തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമ സേന ആസ്ഥാനമായ ആക്കുളത്തും, ശംഖുമുഖം വ്യോമ സേന കേന്ദ്രത്തിലും യൂണിറ്റി റൺ സംഘടിപ്പിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴുമണിക്ക് തുടങ്ങിയ ഏഴര കിലൊമീറ്റർ നീണ്ട കൂട്ടയോട്ടത്തിൽ വ്യോമ സേനാംഗങ്ങളും സിവിലിയൻ ജീവനക്കാരും, അവരുടെ കുടുംബാംഗങ്ങളും അത്യന്തം ആവേശത്തോടെ പങ്കെടുത്തു. ആക്കുളത്തെ വ്യോമസേനാ ആസ്ഥാനത്ത് ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ചലപതിയും ശംഖുമുഖം ബീച്ചിൽ തിരുവനതപുരം വ്യോമ സേന സ്റ്റേഷൻ കമാണ്ടറും യൂണിറ്റി റൺ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങിൽ ടോക്യോയിൽ നടന്ന 2020 ലെ ഒളിംപിക്സിൽ ഇന്ത്യയെ പ്രധിനിതീകരിച്ച വ്യോമസേനാ ഉദ്യോഗസ്ഥരായ സെർജന്റ് നിർമൽ ടോം സെർജന്റ് അലക്സ് ആന്റണി എന്നിവരെ ദക്ഷിണ വ്യോമ സേന മേധാവി ആദരിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ സ്മരണാർത്ഥം “ആസാദി കാ അമൃത് മഹോത്സവ്” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായാണ് യൂണിറ്റി റൺ സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തത്തോടെ ഇന്ത്യയിലെ എല്ലാ വ്യോമസേനാതാവളങ്ങളിലും യൂണിറ്റി റൺ സംഘടിപ്പിച്ചതിലൂടെ യൂണിറ്റി റൺ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല.