മനാമ: ബഹറിൻ സോപാനം വാദ്യകലാസംഘം പഞ്ചതായമ്പക അരങ്ങേറ്റം സംഘടിപ്പിച്ചു. മഹാമാരിയുടെ കെടുതികൾഒടുങ്ങിയ ലോകത്ത് ജനപങ്കാളിത്തം കൊണ്ട് ധന്യമായ അരങ്ങിൽ അഞ്ച് വാദ്യകലാകാരന്മാർ തായമ്പകയിൽ അരങ്ങേറി. കോവിഡ് പ്രതിസന്ധിക്കിടയിലും പഠന പരിശീലനം നേടിയ ആതിര, വിജയകുമാർ, വൈഷ്ണവ്ലാജി, സുരേഷ് കുമാർ, വൈശാഖ്, അമൃതേഷ് എന്നിവരാണു സോപാനം ഗുരു സന്തോഷ് കൈലാസിന്റെ ശിഷ്യത്വത്തിൽ അരങ്ങേറിയത്. സന്തോഷ് കൈലാസിന്റെ ഗുരു പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശേരിപത്മനാഭൻ മുഖ്യ അതിഥിയായി.
തായമ്പകയെകുറിച്ച് പറയുമ്പോൾ, ഒരു വാദ്യകലാകാരന്റെ വ്യക്തിഗത പ്രകടനങ്ങൾക്ക് ഏറെ സാധ്യതയുള്ള കേരളത്തിന്റെ തനത് കലാരൂപമാണ് തായമ്പക. ചെമ്പടവട്ടം, കൂറ് .ഇടകാലം എന്നീ 3 പ്രധാന ഘട്ടങ്ങളിലൂടെയുള്ള താള പരിണാമമാണ് തായമ്പക.. ശാസ്ത്രീയ ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി. എണ്ണങ്ങളും, നിലകളും, മുത്താരിപ്പുകളും, മനോധർമ്മപ്രയോഗങ്ങളും സാധക ബലത്തിനനുസരിച്ചു കൃത്യമായി വിന്യസിപ്പിക്കുന്നതു തായമ്പകയിൽ കാണാം.
ഏറെ നാളത്തെ കഠിന അഭ്യാസത്തിലൂടെ ആണ് ഒരു തായമ്പക പിറവി എടുക്കുന്നത്. ബഹറിൻ ഇന്ത്യൻ ക്ലബിൽ വെച്ചുനടന്ന അരങ്ങേറ്റ ചടങ്ങുകൾ ഫ്ലവർ റ്റിവി ഫെയിം ഓച്ചിറ ഉണ്ണികൃഷ്ണന്റെ നാദസ്വര കച്ചേരിയോടെ ആരംഭിച്ച അരങ്ങേറ്റ അരങ്ങ് ഗുരു കാഞ്ഞിലശേരി പത്മനാഭൻ ഉത്ഘാടനംചെയ്തു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സതീഷ്, സോപാനം പ്രതിനിധികളായ അനിൽമാരാർ, ചന്ദ്രശേഖരൻ, ജ്യോതിമേനോൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സോപാനം കുടുംബാംഗങ്ങൾ, വാദ്യകലാസ്നേഹികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുംനൂറുകണക്കിനാളുകൾ അരങ്ങേറ്റത്തിൽ പങ്കെടുത്തു.
