ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമാണ് സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം മൂലമാണ് സോണിയാ ഗാന്ധിയുടെ നീണ്ട ചോദ്യം ചെയ്യൽ ഒഴിവാക്കിയതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെ, കോവിഡ്-19 ബാധിതയായ സോണിയ, തുടർചികിത്സയുടെ ഭാഗമായി ചോദ്യം ചെയ്യൽ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാകുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.
സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തതിനെതിരെ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിലാണ്. ഡൽഹിയിൽ പ്രതിഷേധിക്കുകയായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെയും എംപിമാരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിൻ തടഞ്ഞതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നൽകി. സോണിയയ്ക്കും രാഹുലിനുമെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക ഇടപാട് നടന്നിട്ടില്ലാത്ത കേസായിട്ടും ഇഡിയെ ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.