അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് കിടപ്പിലായ അച്ഛനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്ന കേസില്‍ മകന് അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് ഈരേശ്ശേരിയില്‍ സെബാസ്റ്റ്യന്‍(60) കൊല്ലപ്പെട്ട കേസില്‍ മകന് സെബിന് ക്രിസ്റ്റി(അരുണ്‍-25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കട്ടിലില്‍നിന്നു വീണുമരിച്ചതാണെന്നാണു സെബിന് ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നുതെളിഞ്ഞത്. കട്ടിലില്‍നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ താഴെവീണിരുന്നു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ സെബിനെ വഴക്കുപറഞ്ഞു. മദ്യലഹരിയിലായിരുന്ന സെബിന് അപ്പോള്‍ വാക്കര്കൊണ്ട് അച്ഛനെ അടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വാരിയെല്ലിലും നെഞ്ചിലും ചവിട്ടിയതായും ദേഹത്തിരുന്ന് അടിച്ചതായും പറയുന്നു.
ആലപ്പുഴയിലെ ഐസ്ക്രീം വില്‍പ്പനശാലയില്‍ ജോലിക്കാരനായിരുന്നു സെബാസ്റ്റ്യന്‍. 2019-ല്‍ പുന്നപ്ര കപ്പക്കടയില്‍ കെ.എസ്.ആര്.ടി.സി. ബസിടിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. അന്നുമുതല്‍ വാക്കര്‍ ഉപയോഗിച്ചാണു നടന്നിരുന്നത്. ഭാര്യ പുഷ്പ അര്‍ബുദംബാധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സെബിന്റെ അനുജന് അഖില്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ സെബാസ്റ്റ്യന്‍ രക്തം ഛര്‍ദ്ദിച്ച് തറയില്കിടക്കുന്നതു കണ്ടു. കട്ടിലില്‍നിന്നു വീണതാണെന്നാണു സെബിന് പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം കൂടാതെ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പോലീസ് അസ്വാഭാവികമരണത്തിനു കേസെടുക്കുകയായിരുന്നു. പുന്നപ്ര ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റു ചെയ്തത്.