തിരുവനന്തപുരം: സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്ന് സി.ബി.എ. മൊഴി മാറ്റാൻ കെ.സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ പരാതിക്കാരി ശ്രമിച്ചു. പരാതിക്കാരിയുടെ മുൻ മാനേജർ രാജശേഖരൻ മൊഴി നൽകാൻ സി.ബി.ഐ ഓഫീസിൽ എത്തിയപ്പോൾ ഇയാളിൽ നിന്ന് 50,000 രൂപ കണ്ടെടുത്തിരുന്നു. കെ.സി വേണുഗോപാലിന്റെ സെക്രട്ടറിയാണ് ഇത് നൽകിയതെന്ന രാജശേഖരന്റെ പ്രസ്താവന നുണയാണെന്ന് സി.ബി.ഐ കണ്ടെത്തി. സി.ബി.ഐ അന്വേഷണത്തിൽ പരാതിക്കാരി തന്നെയാണ് പണം നൽകിയതെന്ന് കണ്ടെത്തി.
അതേസമയം സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ സമർപ്പിച്ചത്. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി.
ഉമ്മൻചാണ്ടി ആയുർവേദ ചികിത്സയിലിരിക്കെ ക്ലിഫ് ഹൗസിൽ എത്തിയെന്ന പരാതിക്കാരിയുടെ മൊഴി തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പി.സി ജോർജ് പീഡനം കണ്ടെന്ന മൊഴിയും തെറ്റാണെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയൊരു സംഭവം താൻ കണ്ടിട്ടില്ലെന്ന് ജോർജ് മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നു.