മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. നിലവിൽ നാട്ടിലേക്ക് പോകുന്ന യാത്രക്കാർ യാത്രക്ക് മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാർക്ക് പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാർക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. അതോടൊപ്പം നാട്ടിൽ എത്തിയതിനുശേഷം 7 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ഒഴിവാക്കിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസവുമാണ്. കുറഞ്ഞ ദിവസത്തെ അവധിക്ക് ഉറ്റവരുടേയും ഉടയവരുടേയും അടുത്തേക്ക് വരുന്ന പ്രവാസി യാത്രക്കാരുടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനും സാമ്പത്തിക ബാധ്യത ഒഴിവാക്കാനും പുതിയ നടപടിയിലൂടെ കഴിയും.
കോവിഡ് എന്നത് ഒരു യാഥാർത്ഥ്യമായിരിക്കെ അതിനൊപ്പം ജീവിക്കാൻ ജനതയെ പ്രാപ്തരാക്കുകയാണ് വേണ്ടത്. എയർ സുവിധ പോലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുകളും ഒഴിവാക്കണം. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായം നൽകുകയും തൊഴിൽ നഷ്ടപ്പെട്ട് തിരികെ വന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ നൽകുകയും ചെയ്യണം. അനിയന്ത്രിതമായ വിമാന യാത്രക്കൂലി നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുകൾ നടത്തി രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയിൽ സാരമായ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.