മനാമ: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രതിഷേധം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 2 തിങ്കളാഴ്ച രാത്രി 8.00 മണിക്ക് സൂം വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രവാസി പ്രതിഷേധം വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യും.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്കായ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായ പാക്കേജിൽ പ്രവാസികളെയും ഉൾപ്പെടുത്തുക, ആശ്രിത ധനസഹായത്തിന് മാതാപിതാക്കൾ രണ്ടു പേരും മരണപ്പെടണമെന്ന നിബന്ധന ഒഴിവാക്കുക, വിദേശ രാജ്യങ്ങൾ നിർത്തിവച്ചിരിക്കുന്ന വിമാനഗതാഗതം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെട പെടൽ ശക്തിപ്പെടുത്തുക, വിദേശങ്ങളിൽ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് വേണ്ടി എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കുക, ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രവാസി പ്രതിഷേധം നടക്കുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവാസി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കും എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു.