മുംബൈ: എന്‍സിപി പ്രസിഡന്റ് ശരത് പവാറിനെ അപമാനിച്ചതിന് മറാത്തി നടി കേതകി ചിറ്റാലെ അറസ്റ്റില്‍. പവാറിനെതിരായ ഫേയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുപിന്നാലെയാണ് താനെ പൊലീസ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ചയാണ് മറ്റാരോ എഴുതിയ പോസ്റ്റ് കേതകി പങ്കുവച്ചത്. 80കാരനായ പവര്‍ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് മറാത്തിയിലായിരുന്നു. നരകം കാത്തിരിക്കുന്നെന്നെന്നും നീ ബ്രാഹ്മണരെ വെറുക്കും എന്നെല്ലാം പോസ്റ്റില്‍ പറയുന്നുണ്ട്. 29കാരിയായ നടി താനെ പൊലീസിലെ ക്രൈം ബ്രാഞ്ചാണ് നവി മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തത്.
രൂക്ഷമായ പ്രതിഷേധത്തിനും കേതകി ഇരയായി. കലംബോലി പൊലീസ് സ്റ്റേഷനു പുറത്തുവച്ച് എന്‍സിപിയുടെ വനിത പ്രവര്‍ത്തകര്‍ നടിക്കു നേരെ കറുത്ത മഷി ഒഴിക്കുകയും മുട്ട എറിയുകയും ചെയ്തു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും വെറുപ്പ് പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് കേതകിക്കെതിരെ ചുമത്തിയത്. പൂനെയിലും നടിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു ശരത്ത് പവാറിന്റെ പ്രതികരണം.
