കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ സ്വകാര്യ വാഹനം ഒരുക്കിയതിൽ തെറ്റില്ലെന്ന റിപ്പോർട്ടുമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. പൊലീസ് വാഹനം കേടായിരുന്നെന്നും സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ലെന്നുമാണു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വാഹനം ഉപയോഗിക്കണമെങ്കിൽ സാധാരണഗതിയിൽ സർക്കാരിന്റെ ഉത്തരവ് അടക്കം വേണം. എന്നാൽ അടിയന്തര സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് പ്രത്യേക തീരുമാനം കൈക്കൊള്ളാം. സിറ്റി പൊലീസ് കമ്മിഷണറാണ് ആവശ്യം ഉന്നയിച്ച് കത്തുനൽകിയത്. ഈ ആവശ്യപ്രകാരമാണ് അനുമതി നൽകിയതെന്നും കലക്ടർ റിപ്പോർട്ടിൽ വിശദീകരിച്ചു.
പരേഡുകൾക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂർ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവർണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡിൽ മന്ത്രി ഉപയോഗിച്ചത്. കരാറുകാരന്റെ സ്വകാര്യ വാഹനം റിപ്പബ്ലിക് ദിനത്തിനു നാലുദിവസം മുൻപാണ് ക്യാംപിൽ എത്തിച്ചത്. വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ കരാർ കമ്പനിയുടെ പേരുണ്ടായിരുന്നതിനു മേലേയാണ് ത്രിവർണ റിബൺ സ്റ്റിക്കർ ഒട്ടിച്ചത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7ന് പൊലീസ് ഡ്രൈവർ ഈ വാഹനം മൈതാനത്ത് എത്തിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വാഹനത്തിൽ കയറി സല്യൂട്ട് സ്വീകരിച്ചു. 15 മിനിറ്റ് പരേഡിനു ശേഷം വാഹനം തിരിച്ചുപോയി. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡുകളിൽ മാലൂർക്കുന്ന് ക്യാംപിലെ പൊലീസ് ജീപ്പാണ് രൂപമാറ്റം വരുത്തി വർഷങ്ങളായി ഉപയോഗിക്കുന്നത്.