
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. ഓഗസ്റ്റ് അവസാനത്തിലാണ് കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്. ഓഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്സൈറ്റിൽ പറയുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം എസ്.എൻ.സി ലാവ്ലിൻ കേസ് വീണ്ടും കോടതിയിലെത്തുകയാണ്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയിലെത്തിയത്.
എന്നാൽ, കേസ് പലതവണ കേട്ട കോടതി 30 തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. കൂടുതൽ തവണയും സി.ബി.ഐയുടെ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് കേസ് അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. വീണ്ടും ആഗസ്റ്റിലാണ് കേസ് പരിഗണനയ്ക്കെത്തുന്നത്. എന്നാൽ, ഇത്തവണ പറയപ്പെട്ട തിയതിയില്‍ കേസ് പരിഗണിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. കംപ്യൂട്ടറിൽ ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യപ്പെട്ടതായിരിക്കും ഇതെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഈ തിയതി മാറാനിടയുമുണ്ട്. ഏതായാലും അടുത്ത മാസം 22ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്സൈറ്റിൽ സൂചിപ്പിക്കുന്നത്.
