
പട്ന: പാമ്പു പ്രദർശനത്തിനിടെ ബാലൻ പാമ്പു കടിയേറ്റു മരിച്ച കേസിൽ പാമ്പാട്ടിയെ പത്തു വർഷം തടവിനു ശിക്ഷിച്ച് ഭാഗൽപുർ കോടതി. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു കടിയേറ്റത്. 2011 ഓഗസ്റ്റ് 24നു ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു സംഭവം.
പതിനഞ്ചു വയസുണ്ടായിരുന്ന ദിവാകർ കുമാറാണു പാമ്പാട്ടി മുഹമ്മദ് ഷംസുലിന്റെ സാഹസത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്നു വലതു കയ്യിൽ കടിച്ചു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
