
മനാമ: ബഹ്റൈനിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച സ്മാർട്ട് കാമറകൾ പ്രവർത്തനം ആരംഭിച്ചതായി ഓർമ്മപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നിരവധി നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ജനങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാഹനമോടിക്കുന്നവർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഇതുവരെ ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ 500 അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ കഴിവുള്ള കാമറകളാണ് ഇവ. ഇതിലൂടെ ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പൊതുസുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,റെഡ് ലൈറ്റ് മുറിച്ചുകടക്കുക, അമിത വേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ ഈ കാമറകളിലൂടെ കണ്ടെത്താൻ കഴിയും. നിയമലംഘനം കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ നടപടികളുണ്ടാകും. അടുത്തിടെ ബഹ്റൈനിൽ റോഡ് നിയമങ്ങൾ പുതുക്കിയിരുന്നു. നിയമലംഘകർക്ക് കനത്ത പിഴ ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.


