ബ്രാറ്റിസ്ലാവ: സ്ലോവാക്യയിലെ ജനകീയ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയ്ക്കുനേരെ വധശ്രമം. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഫികോയ്ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റുവെന്നാണ് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയറിലും തലയ്ക്കും പരിക്കേറ്റ ഫികോയുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്കുനേരെയുണ്ടായ അക്രമത്തെ യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അപലപിച്ചു.
സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില് നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാന്‍ഡ്ലോവ നഗരത്തില്‍ വെച്ചാണ് അക്രമമുണ്ടായത്. 59-കാരനായ റോബര്‍ട്ട് ഫികോയെ ഹെലികോപ്റ്ററില്‍ ബന്‍സ്ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
ഡെപ്യൂട്ടി സ്പീക്കര്‍ ലുബോസ് ബ്ലാഹ പാര്‍ലമെന്റ് സമ്മേളനത്തിനിടെ അക്രമവാര്‍ത്ത സ്ഥിരീകരിച്ചു. പിന്നാലെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. സ്ലോവാക്യന്‍ പ്രസിഡന്റ് സുസാന കപുറ്റോവ പ്രധാനമന്ത്രിക്കുനേരെ നടന്ന അക്രമത്തെ അപലപിച്ചു. സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്കുനേരെ നടന്ന വധശ്രമത്തില്‍ വിവിധ ലോകരാജ്യങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി.