കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ബെംഗളൂരുവിലെ ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി.
മുഖ്യമന്ത്രിയേയും കുടുംബത്തെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ചില നിയമവിരുദ്ധ നേട്ടങ്ങൾക്കായി ചില സാമൂഹ്യവിരുദ്ധരുടെ പിന്തുണയോടെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുഖ്യമന്ത്രിയെയും ഭരണപക്ഷ നേതാവിനെയും മോശമായി ചിത്രീകരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സിൽ ഭയം ജനിപ്പിക്കുകയും ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെതിരെ കലാപത്തിന് പ്രതിപക്ഷത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ നിരന്തരം വ്യാജപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്ന വ്യക്തിയാണ് സ്വപ്ന. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വപ്ന പലതവണ ഉന്നയിച്ച ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയത് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിനും കലാപത്തിനും കാരണമായി. പൊതുനിരത്തുകളിലെ അക്രമവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 745 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്വപ്നയുടെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളോ ഓഡിയോകളോ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.