മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയില്‍നിന്ന് വിലക്കിയ നേതാക്കളില്‍ ഒരാളാണ് സത്താര്‍. ഇതിനു പിന്നാലെയാണ് എസ്കെഎസ്എസ്എഫിന്റെ മലപ്പുറത്തെ പരിപാടിയിൽവച്ച് സത്താർ ഇത്തരം പരാമർശം നൽകിയത്.
‘‘ഞങ്ങൾക്ക് ആരോടും കടപ്പാടില്ല. ഞങ്ങൾക്ക് ഒരേയൊരു കടപ്പാടേയുള്ളൂ. അതു സമസ്ത കേരള ജംഇയ്യത്തുലമയോടു മാത്രമേയുള്ളൂ. ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്എകെഎസ്എസ്എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്’’ – അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.