
പഹൽഗാം: പഹൽഗാമിൽ 29 നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കാശ്മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തൽ.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് ലഷ്കർ ഇ തയ്ബയുടെ കമാൻഡർ സെയ്ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹൽഗാമിൽ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
