പത്തനംതിട്ട: അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ. ഇതിൽ അഞ്ചുപേർ കാമുകന്റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ സ്ഥലത്തുനിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയും ഇന്ന് രാവിലെയുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.ഈ മാസം ആദ്യമാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കാമുകനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ സുഹൃത്തുക്കളുമായി സൗഹൃദത്തിലാവാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് മറ്റുള്ളവരും ബലാത്സംഗം ചെയ്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പിടിയിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് പൊലീസ് നൽകുന്ന സൂചന.