ലക്നൗ: റായ് ബറേലിയിലെ മദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്വാലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. വ്യാജമദ്യമാണ് ജനങ്ങൾ കഴിച്ചതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മദ്യശാലയുടെ ഉടമസ്ഥന്റെ വസതിയിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നും മദ്യകുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
മരിച്ചവരുടെ ശരീരത്തിൽ നിന്നും മദ്യസാമ്പിളുകൾ ശേഖരിച്ചതായും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു. മദ്യവിൽപന നടത്തിയിരുന്ന വ്യക്തിയുടെയും, ഔട്ട്ലെറ്റിലേക്ക് മദ്യവിതരണം നടത്തിയിരുന്ന ആളുടെയും പേരിലാണ് കേസെടുത്തിരിക്കുന്നത്.
മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പലരുടെയും ആരോഗ്യനില വഷളായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റുള്ളവർ ചികിത്സയിലിരിക്കെയും മരിച്ചു. റായ് ബറേലിയിൽ അഞ്ച് വർഷം മുമ്പും ഇത്തരത്തിൽ ആറ് പേർ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.