സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ചൈനയുടെ വാങ് ജീ യിയെ തകർത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ ആദ്യസെറ്റ് 21-9ന് സ്വന്തമാക്കിയ പി.വി സിന്ധു രണ്ടാം സെറ്റ് 21-11 എന്ന സ്കോറിന് നഷ്ടപ്പെടുത്തി. നിർണായകമായ മൂന്നാം സെറ്റ് 21-15ന് നേടി മത്സരവും കിരീടവും സിന്ധു സ്വന്തമാക്കി. പി വി സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സൈന നൈഹ്വാളിന് ശേഷം സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പി.വി സിന്ധു.
ആദ്യ ഗെയിമിൽ 12 മിനിറ്റിനുള്ളിൽ തന്നെ എതിരാളി സിന്ധുവിനോട് അടിയറവ് പറഞ്ഞു. ഇതിൽ തുടർച്ചയായ 13 പോയിന്റുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന വാങ് ജീ യി സമനില പിടിച്ചു. മൂന്നാം ഗെയിം ഇടവേള സമയത്ത് അഞ്ച് പോയിന്റ് ലീഡ് നേടി സിന്ധു കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. അവസാന നിമിഷം ഒന്ന് പൊരുതി നോക്കിയെങ്കിലും മൂന്നാം ഗെയിം വാങ് ജീ യിക്ക് നേടാനായില്ല.
ശനിയാഴ്ച നടന്ന വനിത സിംഗ്ൾസ് സെമി ഫൈനലിൽ ജപ്പാന്റെ സയേന കവാകാമിയെ 21-15, 21-7 ന് സ്കോറിന് അനായാസം കീഴടക്കിയാണ് സിന്ധു സിംഗപ്പൂർ ഓപ്പണിന്റെ ഫൈനലിലേക്ക് കടന്നത്. സീസണില്‍ സിന്ധുവിന്റെ മൂന്നാം കിരീടം കൂടിയാണ് ഇത് . കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു.