പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ഒരാൾ എത്തുമെന്നും ഷാഫി പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു.
പത്മയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യശരീരത്തിൽ എളുപ്പത്തിൽ വേർപെടുത്താവുന്ന സന്ധികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.