കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. ഇതോടെ, സിൽവർ ലൈൻ സർവേ തുടരാനുള്ള സർക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്.
എന്നാൽ സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയിൽ വിരുദ്ധസമരസമിതിയും പറയുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. സംസ്ഥാനത്തിന്റെ വാദങ്ങൾ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടഞ്ഞതെന്നും ഇതൊരു പ്രാഥമിക സർവേ മാത്രമാണെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. സംസ്ഥാന സർക്കാരിന് നിയമാനുസൃതമായി നടത്താവുന്നതാണ് ഈ സർവേ. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടില്ലെന്നും കോടതിയിൽ വാദിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാരിന് നിയമാനുസൃതമായ സർവേ നടപടികളുമായി മുന്നോട്ട് പോകാനുള്ള അനുമതി ഡിവിഷൻ ബെഞ്ച് നൽകിയത്.
എന്നാല്‍ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
സർവേ നടപടികൾ നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ഇരുപതോളം ഹർജിക്കാരാണ് സിംഗിൾ ബെഞ്ചിലെത്തിയത്. ഭൂമിയിലെ സർവേ നിയമവിരുദ്ധമാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടയുകയും സർക്കാരിനോട് ഡിപിആർ എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിക്കുകയും ചെയ്തത്. ഹർജിക്കാരുടെ ഭൂമിയേറ്റെടുക്കുന്ന നടപടികളെല്ലാം സിംഗിൾ ബെഞ്ച് തടയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.