തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുവാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനായ ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചിന്റെ വിധി ഉണ്ടാവും. അഡ്വക്കേറ്റ് നോബിൾ മാത്യുവാണ് ഫെബ്രുവരി മാസത്തിൽ ഫയൽചെയ്ത ഹർജിയിൽ ഹാജരായിരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞവർഷം കേരള സുസ്ഥിര വികസന സമിതി നടത്തിയ രണ്ട് ഓൺലൈൻ മീറ്റിങ്ങുകൾ ആണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് തുടക്കമിട്ടത്.2021 ജൂൺ 16ന് നടത്തിയ ആദ്യ ചർച്ചയിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഈ വിഷയത്തെക്കുറിച്ച് പഠിക്കുവാൻ യുഡിഎഫ് സമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡണ്ട് ഡോക്ടർ ആർ വി ജി മേനോൻ ഈ പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചതും ഈ ചർച്ച യിലൂടെയാണ്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംഘടിപ്പിച്ച ചർച്ചയിൽ വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഈ പദ്ധതി നടപ്പായാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്ന വൻ പ്രകൃതി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയുണ്ടായി. അന്തരിച്ച പി ടി തോമസ് എംഎൽഎ അടക്കം രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ നിരവധി പ്രമുഖർ ഈ രണ്ട് ചർച്ചകളിലും പങ്കെടുക്കുകയുണ്ടായി.
കേരളത്തിലെ മുഖ്യധാര പ്രസ്ഥാനങ്ങളെയും, ബഹുജനങ്ങളെയും ഈ പദ്ധതിയുടെ അപകടം ബോധ്യപ്പെടുത്തുവാൻ തുടക്കമിട്ടത് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷനായുള്ള കേരള സുസ്ഥിര വികസന സമതി നടത്തിയ ചർച്ചകളാണ്. പിന്നീട് മുഖ്യധാരാ പ്രസ്ഥാനങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും, സജീവമായി സമര രംഗത്ത് വരികയും ചെയ്തു.