ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇനിമുതൽ സിഖ് ജീവനക്കാർക്ക് കൃപാൺ ധരിക്കാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗം. ഇന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മതവുമായി ബന്ധപ്പെട്ട ആചാര ഭാഗമായി സിഖുകാർ കൊണ്ടുനടക്കുന്ന വാളാണ് കൃപാൺ എന്നറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ച അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘കിർപാൻ’ ധരിച്ച ഒരു സിഖ് ജീവനക്കാരനെ ഡ്യൂട്ടി ചെയ്യുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടു ബിസിഎഎസ് ഉത്തരവിറക്കിയിരുന്നു. ഈ നടപടിക്കെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അടക്കമുള്ള സിഖ് സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പിൻവലിച്ചത്.
മാർച്ചുമാസം നാലിനാണ് വിമാനത്താവള ജീവനക്കാർക്ക് കൃപാൺ വിലക്കി ബിസിഎഎസ് ഉത്തരവിറക്കിയത്.എന്നാൽ യാത്രക്കാർക്ക് വാൾ ധരിക്കാൻ അനുമതിയും നൽകിയിരുന്നു. യാത്രക്കാരുടെ വാളിന്റെ നീളം ആറ് ഇഞ്ചിലധികം കൂടരുതെന്ന നിബന്ധനയും വെച്ചിരുന്നെങ്കിലും ഇത് യാത്രക്കാർക്ക് മാത്രമുള്ള ഇളവാണെന്നും വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
