ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കാപ്പന്റെ ജയിൽ മോചനം സാധ്യമായേക്കും.
യുഎപിഎ കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനായില്ല. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ, അക്കൗണ്ടിലെത്തിയ 45000 രൂപയുടെ ഉറവിടം കാപ്പന് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രാസിൽ കലാപം സൃഷ്ടിക്കാനാണ് പണം സ്വീകരിച്ചതെന്നും ഇഡി കോടതിയിൽ വാദിച്ചു. 2020 ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.