
കൊച്ചി: ബലാത്സംഗക്കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതിനു പിന്നാലെ അഭിഭാഷകന്റെ ഓഫീസിലെത്തി നടന് സിദ്ദിഖ്. ഹൈക്കോടതിയില്‍ സിദ്ദിഖിനായി ഹാജരായ സീനിയര്‍ അഭിഭാഷകന് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലാണ് ചൊവ്വാഴ്ച സിദ്ദിഖ് എത്തിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സിദ്ദിഖ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് സിദ്ദിഖ് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍ എത്തിയത്. ഒരു മണിക്കൂറോളം അഭിഭാഷകനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതേസമയം, ഓഫീസില്‍ നിന്നിറങ്ങിയ സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അന്വേഷണ സംഘവുമായി സഹകരിക്കുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പുഞ്ചിരിയിലൊതുക്കി. മകന് ഷഹീന് സിദ്ധിഖും ഒപ്പമുണ്ടായിരുന്നു. ഷഹീനും പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.
നേരത്തേ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രൂക്ഷ വിമര്‍ശനത്തോടെ കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന്, അറസ്റ്റ് ഭീഷണി ഉയര്‍ന്നതോടെ നടന് ഒളിവില്‍ പോയി. പാലാരിവട്ടത്തെയും ആലുവയിലെയും വീടുകളില്‍ പോലീസ് എത്തിയെങ്കിലും സിദ്ധിഖിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം ലൂക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയില്‍ എത്തിയത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് ഇനി പരിഗണിക്കുന്നതിനു മുമ്പ് അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
