കോട്ടയം: സ്ത്രീകളുടെ നൈറ്റി ധരിച്ച് മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിനെ പൊലീസും സംഘവും സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം എം മാത്യുവിന്റെ (80) വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.
സംഭവം ഇങ്ങനെ- തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ ജയ്മോന് ഫോണ്‍ വന്നു. കീഴൂരില്‍ ഒരു വീട്ടില്‍ കയറിയ മോഷ്ടാവ് കവര്‍ച്ചയ്ക്ക് മുന്നോടിയായി സിസി ടിവി ക്യാമറകള്‍ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്നു പോയ മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയും പ്രഭാത് എസ്ഐ ജയ്മോനു വിവരം കൈമാറുകയായിരുന്നു.
പൊലീസ് സാന്നിധ്യം അറിഞ്ഞ് ടെറസിൽ ഒളിച്ചിരുന്ന മാക്സിയിട്ട കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് എസ് ഐയും സംഘവും ഓടിച്ചിട്ട് പിടികൂടിയത്. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാട വരമ്പിലൂടെയുമെല്ലാം ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം കുറ്റിക്കാട്ടിലിട്ട് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്എച്ച്ഒ എ പ്രസാദ് അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കീഴൂരിൽ താമസിച്ചിരുന്ന ആളാണ് കള്ളൻ റോബിൻസൺ.
