പാലക്കാട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്കിയ കരാറുകളില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കള്ളപ്പണം വിനിയോഗിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മറയാണ് ഊരാളുങ്കൽ. സുതാര്യമായ ഒരു നടപടിയും ഇവിടെയില്ല. ഊരാളുങ്കലിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പിണറായി വിജയനുമായി അടുത്ത് നില്ക്കുന്ന സ്ഥാപനമാണ് ഇതെന്നും സുരേന്ദ്രന് ആരോപിച്ചു.
കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക്കും പിണറായിയും തമ്മിൽ ഉടലെടുത്തിരിക്കുന്ന പടലപിണക്കത്തിൽ ഐസക്കിന് പാർട്ടിയിലുള്ള പിന്തുണ കൂടുകയാണ്. മുഖ്യമന്ത്രി ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോല്‍ക്കും. ഇതിലൂടെ സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായെന്നു വ്യക്തമായിരിക്കുകയാണ്. കൂടുതൽ അഴിമതിക്കഥകൾ പുറത്ത് വരുന്നതിന് മുൻപ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.