
സ്വന്തം ലേഖകന്‍
മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തലേന്ന് നിലപാടില്‍ മലക്കംമറിഞ്ഞ് പി.വി. അന്‍വര്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് ജയിക്കണമന്ന് താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താനും യു.ഡി.എഫും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. തനിക്ക് ജയിക്കാനായില്ലെങ്കിലും പിണറായിസം തോല്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഷൗക്കത്ത് ജയിക്കണമെന്നാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി അങ്ങനെയല്ലേ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
ഷൗക്കത്തിനോടുള്ള കടുത്ത എതിര്‍പ്പാണ് അന്‍വറിന്റെ യു.ഡി.എഫ്. ബന്ധം അസാധ്യമാക്കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ഷൗക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തിനായി എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫുമായി സഹകരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അന്‍വര്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം മത്സരരംഗത്തിറങ്ങുകയും ചെയ്തു.
പിണറായിസത്തിനും സതീശനിസത്തിനുമെതിരെയാണ് തന്റെ മത്സരമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്‍വറിന്റെ പ്രചാരണം. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അത് അവഗണിക്കുകയായിരുന്നു യു.ഡി.എഫ്. നേതാക്കള്‍.
വോട്ടെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫുമായി അടുക്കാന്‍ അന്‍വര്‍ ശ്രമമാരംഭിച്ചതായി അറിയുന്നു. ചില കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം സംസാരിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അന്‍വറിന്റെ നിലപാടുമാറ്റം.
