ബത്തേരി: പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കഴുത്തിനാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ബന്ധു ശരണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പാടത്തിറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയിലെ നെൽപ്പാടത്ത് ജയൻ ഉൾപ്പടെയുള്ള നാലംഗ സംഘം എത്തിയത്.
നെല്ല് കതിരായിരിക്കുന്ന സമയമായതിനാൽ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങൾ ഇങ്ങോട്ടേക്കെത്തിയതെന്ന് സംഘത്തിലെ രണ്ടുപേർ പൊലീസിനോട് പറഞ്ഞു. എന്നാൽ വേട്ടയ്ക്കെത്തിയ സംഘമാണ് ഇവരെന്നാണ് നാട്ടുകാർ പറയുന്നത്.