
നോർത്ത് കരോലിന: അമേരിക്കയിൽ പുതുവത്സര ദിനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് മുതിർന്നതായി എഫ്ബിഐ. എന്നാൽ ഈ ആക്രമണം പരാജയപ്പെടുത്തിയെന്നും എഫ്ബിഐ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റാണ് എഫ്ബിഐക്ക് വേണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുവത്സരാഘോഷം നടന്ന സ്ഥലത്ത് കത്തിയും ചുറ്റികയുമായി ആക്രമണത്തിന് മുതിർന്നയാളെ കീഴ്പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നോർത്ത് കരോലിനയിലെ മിൻ്റ് ഹിൽ സ്വദേശി 18 വയസുകാരനായ ക്രിസ്റ്റൻ സ്റ്റർഡവൻ്റ് എന്നയാളെ കസ്റ്റഡിയിലെടുത്തെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെൻ്റ് അറിയിക്കുന്നുണ്ട്. വിദേശ ഭീകര സംഘടനയ്ക്ക് ആയുധവും മറ്റും നൽകി സഹായിച്ചെന്നും ആക്രമണത്തിന് പദ്ധതിയിട്ടെന്നുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.


