ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച് ആദിവാസി യുവാവിന്റെ കാല് കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് അധിക്ഷേപത്തിനിരയായ ദശരഥ് റാവത്ത് എന്ന യുവാവിന്റെ കാല് കഴുകിയത്. വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും ശിവരാജ് സിങ് റാവത്തിനോട് പറഞ്ഞു.
തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം യുവാവിന്റെ കാല് കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റാവത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നല്കി. മധുരം റാവത്തിന്റെ വായില്‍ വച്ചു നല്കിയ ശേഷം കുറച്ചു സമയം റാവത്തുമായി സിങ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.