ന്യൂഡൽഹി: ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ നീട്ടി. ഹരിയാനയിലെ കർഷക ഗ്രാമങ്ങളിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. കേരളത്തിനൊപ്പം പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.