കൊച്ചി: മീൻപിടിത്ത ബോട്ടിൽ ചെറു ചരക്കുകപ്പൽ ഇടിച്ചു രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമാവുക കപ്പലിനു മുന്നിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളെന്നു സൂചന. കപ്പലിന്റെ സഞ്ചാരവഴി പകർത്താൻ ഘടിപ്പിച്ച ക്യാമറയിൽ, ബോട്ടിൽ ഇടിക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും വിവരമുണ്ട്. കാർമേഘവും കനത്ത ഇരുട്ടും കാരണം ബോട്ട് കണ്ടില്ല എന്നാണ് അപകടത്തിനിടയാക്കിയ എം.വി. സാഗർ യുവരാജ് എന്ന കപ്പലിലെ ക്യാപ്റ്റന്റെ മൊഴി.
അതേസമയം, മീൻപിടിത്തം സജീവമായ മേഖലയിലൂടെയാണ് കപ്പല്‍ സഞ്ചരിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കരയിൽനിന്ന് 11.5 നോട്ടിക്കൽ മൈൽ ദൂരെ വച്ചായാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക വിവരമെന്ന് തീരദേശ പൊലീസ് എഐജി ജി.പൂങ്കുഴലി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ക്യാമറ ദൃശ്യങ്ങൾ നിർണായകമാകും.
അപകടത്തിലേക്കു നയിച്ച കാര്യങ്ങളറിയാൻ കപ്പലിന്റെ സഞ്ചാര വിവരങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന വോയേജ് ഡേറ്റ റെക്കോർഡർ (വിഡിആർ) അധികൃതർ പരിശോധിക്കുന്നുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സഹായത്തോടെയാണ് തീരദേശ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. നേരത്തേ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കപ്പലിൽ വിശദ പരിശോധന നടത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സർവീസ് നടത്തുന്ന വിവിധോദ്ദേശ്യ ചരക്കു കപ്പലാണിത്.
പൊന്നാനിയിൽനിന്നു പോയ ഇസ്ലാഹ് എന്ന ബോട്ടിലേക്കാണ് ഞായറാഴ്ച രാത്രി 10.10ന് കപ്പല്‍ ഇടിച്ചു കയറിയത്. മത്സ്യത്തൊഴിലാളികളായ അബ്ദുൽ സലാം (45), അബ്ദുൽ ഗഫൂർ (48) എന്നിവർ അപകടത്തിൽ മരിച്ചു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കപ്പൽജീവനക്കാർക്കെതിരെ കേസെടുത്തിട്ടുള്ളത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസം തീരദേശ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കപ്പലിന്റെ ക്യാപ്റ്റൻ വേണു കുമാർ, അസി. ക്യാപ്റ്റൻ മുഹമ്മദ് ജലാൽ, വാച്ച്ടവർ ഡ്യൂട്ടി ചെയ്തിരുന്ന കെ.ബി. മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇവരിൽനിന്ന് വീണ്ടും മൊഴിയെടുക്കും.