കൊച്ചി: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യുവിനെ (49) മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലും ജര്‍മനിയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് ഏഴുലക്ഷത്തോളം രൂപയാണ് ഷൈനി തട്ടിയെടുത്തത്.
മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഷൈനി പണം വാങ്ങിയത്. ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിന് സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര് പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.