കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ മറ്റാർക്കും രോഗലക്ഷങ്ങൾ കണ്ടെത്തിയിട്ടില്ല. ഈ മാസം ആദ്യം മായാനാട് ഭാഗത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും ഒടുവിലായി കാസർഗോഡായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചത്. ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയുടെ ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഷിഗെല്ലായാണെന്നായിരുന്നു കണ്ടെത്തൽ.
ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.