മനാമ: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത് ബഹ്റൈൻ രാജകുമാരൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. തന്റെ സ്റ്റാഫുകൾ ഒരുക്കിയ ഓണാഘോഷത്തിലാണ് മുഖ്യാതിഥിയായി അദ്ദേഹം എത്തിയത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയമായാണ് രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ രാജകുമാരനെ സ്റ്റാഫുകൾ വരവേറ്റത്.

പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് എത്തിയ അദ്ദേഹം കൊട്ടാരത്തിലെ ഓണാഘോഷത്തിന് തിരിതെളിച്ചു. തുടർന്ന് കേരളത്തിന്റെ തനിമയും ഓണത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന വിവിധതരം വേഷങ്ങൾ, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, മാർഗംകളി എന്നീ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

തന്റെ സ്റ്റാഫുകൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചു ഓണത്തിന്റെ ഐതിഹ്യത്തെകുറിച്ചുള്ള ദൃശ്യാവിഷ്കാരവും ആസ്വദിച്ച് സ്റ്റാഫുകൾക്കൊപ്പം ഫോട്ടോ എടുക്കാനും സമയം ചിലവിട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. വിവിധ മതസ്ഥരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നത്തിന് ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്ര്യം മാതൃകാപരവും മഹത്തരവുമാണ്. സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പിൻറെ നേതൃത്വത്തിലാണ് ഇത്തവണ പരിപാടികൾ ഒരുക്കിയത്
