
ലണ്ടൻ: ബ്രിട്ടനിൽ നടന്ന റഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ബഹ്റൈൻ രാജാവിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിന്റെ കാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഒന്നാം സ്ഥാനം നേടി.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് അംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ മത്സരം കാണാനെത്തിയിരുന്നു.
റൈഡർമാരുടെ വിപുലമായ പങ്കാളിത്തമുണ്ടായ മത്സരത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ ബിൻ ഹമദ് ഒന്നാം സ്ഥാനം നേടിയത്.
രണ്ടാം സ്ഥാനം നേടിയത് യു.എ.ഇയിൽനിന്നുള്ള അബ്ദുല്ല അൽ ബസ്താക്കിയാണ്. എം.ആർ.എം. ടീമിലെ സിംഗ് മൂന്നാം സ്ഥാനം നേടി.
100 കിലോമീറ്റർ ഓട്ടത്തിൽ റോയൽ എൻഡുറൻസ് ടീം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സുഹൈർ മുഹമ്മദ് രണ്ടാം സ്ഥാനവും അസിം ജനാഹി മൂന്നാം സ്ഥാനവുമാണ് നേടിയത്.
160 കിലോമീറ്റർ ഓട്ടത്തിൽ യു.എ.ഇയിൽനിന്നുള്ള ഹമദ് അൽ കാബി ഒന്നാം സ്ഥാനം നേടി. സഹതാരം സെയ്ഫ് അൽ മസ്രൂയി രണ്ടാം സ്ഥാനവും റോയൽ ടീം റൈഡർ മുഹമ്മദ് അബ്ദുസമദ് മൂന്നാം സ്ഥാനവും നേടി.
