മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റും മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ 2023-24 സീസൺ എൻഡുറൻസ് റൈഡിൽ പങ്കെടുത്തു.ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷനാണ് മൽസരം സംഘടിപ്പിച്ചത്. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വൈസ് പ്രസിഡന്റ്, ശൈഖ് ഫൈസൽ ബിൻ റാഷിദ് ബിൻ ഈസ ആൽ ഖലീഫയും പങ്കെടുത്തു.
120 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ച ടീം വിക്ടോറിയസിൽ ശൈഖ് ഇസ ബിൻ ഫൈസൽ ബിൻ റാഷിദ് ആൽ ഖലീഫയും അംഗമായിരുന്നു. അദ്ദേഹത്തെയും ടീമംഗങ്ങളെയും ശൈഖ് നാസർ അഭിനന്ദിച്ചു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാവരെയും അഭിനന്ദിച്ച അദ്ദേഹം, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ അവർക്ക് വിജയം ആശംസിച്ചു.
120 കിലോമീറ്റർ എൻഡുറൻസിൽ ടീം വിക്ടോറിയസിലെ ജോക്കിമാരായ ഷെയ്ഖ് ഇസ ബിൻ ഫൈസൽ, മുഹമ്മദ് ഖാലിദ് അൽ റുവായ്, സൽമാൻ ഈസ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ശൈഖ നൂറ ബിൻത് ഹമദ് ആൽ ഖലീഫ സ്പോൺസർ ചെയ്ത ‘ബെസ്റ്റ് ഹോഴ്സ് കണ്ടീഷൻ’ പ്രൈസും വിക്ടോറിയസ് കരസ്ഥമാക്കി. റൈഡർ മുഹമ്മദ് ഖാലിദ് അൽ റുവൈയ്ക്കാണ് പുരസ്കാരം.
അതേസമയം, അന്താരാഷ്ട്ര മത്സരത്തിൽ അൽ-സഫിനാറ്റ് സ്റ്റേബിൾസിൽ നിന്നുള്ള ജോക്കി സർഹാൻ അൽ അൻസി ഒന്നാമതെത്തി. റൈഡർമാരായ എൻ 13 സ്റ്റേബിൾസിൽ നിന്നുള്ള നാസർ ഖലീഫയും ഇസ അബ്ദുല്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
100 കിലോമീറ്റർ പ്രാദേശിക യോഗ്യതാ മത്സരത്തിൽ, ജോക്കിമാരായ അബ്ദുല്ല അദേൽ, അൽ മിഖ്ദാദ് മുഹമ്മദ്, മുനീറ ഹുസൈൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.