മനാമ: ”ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ്” ബഹ്റൈൻ എൻഡ്യൂറൻസ് വില്ലേജിൽ ആരംഭിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷനാണ് ദ്വിദിന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ടീം വിക്ടോറിയസ് ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അദ്ദേഹത്തിന്റെ കുട്ടികളോടൊപ്പം എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ യുവ റൈഡേഴ്സ് റേസിൽ പങ്കെടുത്തു.
40 കി.മീ, 80 കി.മീ എന്നീ പ്രാദേശിക യോഗ്യതാ മത്സരങ്ങൾക്ക് പുറമേ, 120 കി.മീ, 100 കി.മീ, 100 കി.മീ പ്രാദേശിക മത്സരങ്ങൾ എന്നിവയിൽ 215 പുരുഷ-വനിതാ ജോക്കികൾ പങ്കെടുത്തിട്ടുണ്ട്. റൈഡർമാരായ മുഹമ്മദ് ഖാലിദ് അൽ റുവൈ, ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, മനൽ മജീദ് ഫഖ്റാവി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ടീം വിക്ടോറിയസ് 120 കിലോമീറ്റർ റേസിൽ ആധിപത്യം സ്ഥാപിച്ചു.
ചാമ്പ്യൻഷിപ്പ് വിവിധ സ്റ്റേബിളുകളെ പ്രതിനിധീകരിക്കുന്ന ജോക്കികൾക്കിടയിൽ കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കും.