മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. സഖീറിലെ ബഹ്റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമായുള്ള പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.
ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഇന്റർനാഷണൽ കപ്പ് റേസിനായുള്ള 160 കിലോമീറ്റർ ഓട്ടം, 120 കിലോമീറ്റർ അന്താരാഷ്ട്ര ഓട്ടം, 100 കിലോമീറ്റർ പ്രാദേശിക ഓട്ടം, കൂടാതെ 80, 40 കിലോമീറ്ററുകൾക്കുള്ള പ്രാദേശിക യോഗ്യതാ മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ്. വിവിധ പ്രാദേശിക, അന്തർദേശീയ മത്സരങ്ങൾ ഉൾപ്പെട്ട പരിപാടിയിൽ വിപുലമായ പങ്കാളിത്തം ഉണ്ടായിരുന്നു.