ന്യൂഡല്‍ഹി: കൊല്ലം ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമരം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കൊടിമര നിര്‍മ്മാണത്തിനായി ശേഖരിച്ച സ്വര്‍ണ്ണം ദൈവം നോക്കി കൊള്ളുമെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്.ശാസ്താംകോട്ട ക്ഷേത്രത്തില്‍ ചെമ്പ് കൊടിമരം സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വര്‍ണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി മുന്‍ സെക്രട്ടറിയും സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറിയുമായ പെരുമറ്റം രാധാകൃഷ്ണന് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
2013-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 1.65 കോടി രൂപ ഉപയോഗിച്ച് സ്വര്‍ണ കൊടിമരം പണിതിരുന്നു. എന്നാല്‍ ഈ കൊടിമരം ക്ലാവു പിടിച്ച് നിറം മങ്ങിയതിനെ തുടര്‍ന്ന് ചെമ്പില്‍ കൊടിമരം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ചെമ്പില്‍ കൊടിമരം നിര്‍മ്മിക്കുന്നതിനെ ഹൈക്കോടതിയും ശരിവച്ചിരുന്നു.എന്നാല്‍ കൊടിമര നിര്‍മ്മാണത്തിനായി ശേഖരിച്ച സ്വര്‍ണ്ണം ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ഉണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് ബിജോ മാത്യു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഈ സ്വര്‍ണ്ണം ദൈവം നോക്കി കൊള്ളുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.