മുംബൈ : ലഹരിപ്പാർട്ടിയ്ക്കിടെ ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോർഡെലിയ ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ എൻസിബി സംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി കപ്പലിൽ പരിശോധന നടത്തിയത്. രാവിലെ പിടിയിലായ ആര്യൻ ഖാന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പിടിയിലായ ശേഷം ആര്യൻ ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്റെ അഭിഭാഷകൻ ഉച്ചയോടെ മുംബൈയിലെ എൻസിബി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
