തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കെ സുധാകരൻ എംപി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് എല്ലാ കോൺഗ്രസ് നേതാക്കളോടും തനിക്ക് പറയാനുള്ളതെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു.
“കോൺഗ്രസിലെ എല്ലാ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമാണുള്ളത്. പക്ഷേ, ഇത്തരത്തിലുള്ള പരാമർശങ്ങളോട് യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ല. ഏത് തൊഴിലിനും ആ തൊഴിലിന്റേതായ മാഹാത്മ്യമുണ്ട്. തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഞാൻ ഓർമ്മപ്പെടുത്തുകയാണ്”. ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നാണ് സുധാകരൻ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരൻ്റെ പ്രസംഗം.